2016, ഫെബ്രുവരി 21, ഞായറാഴ്‌ച

                               വീഴ്ച്ച 

                                        തരമായില്ലിക്കാലമൊന്നും
                                       ചിട്ടയായെണ്ണി തിട്ടമാക്കാൻ
                                       കണക്കിൻറെ കള്ളികളിലെന്നും
                                       അക്കങ്ങൾ കാൽ തെറ്റി വീണു.

                                          വീണു വീണു തപ്പിപ്പിടഞ്ഞ്‌ 
                                          നടന്നു പഠിച്ചു 
                                          വീണിടം വിദ്യയാക്കി 
                                         കിടന്നുരുണ്ടു പഠിച്ചു 
                                          വീണിടം വിഷ്ണുലോകമെന്ന്   
                                          നിർത്താതെ ചൊല്ലി പഠിച്ചു.
                                    
                                    എന്നിട്ടുമോരോ വീഴ്ച്ചയിലും 
                                   അടിതെറ്റി വീണു വീണ്ടും 
                                   വീഴ്ചയിൽ നിന്നു പഠിച്ചില്ല 
                                   നന്നായൊന്ന് വീഴാൻ പോലും.

                                          അതുകൊണ്ടിനി വീണു കിടക്കാം 
                                          ഉയിർപ്പിനൊരു കാലം കാത്ത്.

2014, ജൂൺ 8, ഞായറാഴ്‌ച

2011, ഡിസംബർ 18, ഞായറാഴ്‌ച

                           നഷ്ടസൌഹൃദമേ നിനക്ക്...
സൌഹൃദത്തിന്‍ മിഴിവാര്‍ന്നൊരു വസന്തം 
ചാലിച്ച നീയിനിയില്ലയെന്‍ 
ഊഷര ദിനങ്ങളിലിനിയെന്നറിയെ 
നീറുന്ന നെഞ്ചകത്തില്‍ ഉരുകിത്തീരും
ദിനങ്ങള്‍ക്കെന്നോ ജീവനില്ലാതായി !


കളിചിരികളാല്‍ നിലാവ് പെയ്ത 
നനുത്ത വഴിത്താരകളിന്ന്‍
ഭയപ്പാടില്‍ ചുട്ടുപൊള്ളുന്നു,നോവുന്നു ;
ങ്കടങ്ങള്‍ പെരുക്കിയടുക്കിയ പേടകം 
നീയെന്നോ മോഷ്ടിച്ചെങ്ങോ കളഞ്ഞിരുന്നു
പകരം വെച്ച സന്തോഷ പെട്ടകം 
ഇപ്പോഴെന്നും ഒഴിഞ്ഞു ശുഷ്ക്കമായ്
വാക്കുകളില്‍ കൊരുത്തെന്നോ പകര്‍ന്നു 
നിറച്ച ആത്മ ധൈര്യത്തിന്റെ സംഭരണി
പൊട്ടിയൊലിച്ചെങ്ങോ കുത്തിയൊഴുകി പോയ്‌.
മറഞ്ഞെങ്ങോ മാഞ്ഞെങ്ങോ പോയ 
നീയറിയാതെ പോവില്ലത്.

നിലനില്‍പ്പാണ് ജീവിതമെങ്കില്‍ 
ഞാനിന്നും നിലനില്‍ക്കുന്നു
പക്ഷെ ജീവിതമാണ്‌ നിലനില്പ്പെങ്കില്‍
ഞാന്‍...?
ഉത്തരമൊന്നു തേടിത്തരാന്‍
നിനക്കാവും അതെന്റെയുപ്പ്.
ദൈവത്തിന്‍ കയ്യൊപ്പ് പതിഞ്ഞ 
വിശുദ്ധ സൌഹാര്‍ദത്തിന്‍ കണ്ണികള്‍,
അദൃശ്യമായ് അതുള്ളിടത്തോളം
നിയോഗങ്ങള്‍ നിശ്ചയങ്ങളെങ്കില്‍ 
നിനക്കതിനാവും,നിനക്ക് മാത്രം...
                                       **************   *******  ***********
 

2010, നവംബർ 25, വ്യാഴാഴ്‌ച

                        വേരറ്റു വീണ സ്നേഹമരം
         ലകളെല്ലാം കൊഴിഞ്ഞു,ചില്ലകള്‍ ഉണങ്ങി ശോഷിക്കുമ്പോഴും വീണ്ടും തളിര്‍ക്കുമെന്ന പ്രതീക്ഷയില്‍ മണ്ണിലേക്ക് വേരാഴ്ത്തി നിലനില്‍പ്പിനു പൊരുതുന്ന ഒരു നന്മ മരം.ഇങ്ങനെയൊരു ചിത്രമാണ്‌ കോഴിക്കോട് ശാന്താദേവിയെ  ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയാറ്.
ആര്‍ക്കോ വേണ്ടി തളിര്‍ത്തു,പൂത്ത്‌,കായ്ച്ചു ആര്‍ക്കും വേണ്ടാതെ വേരറ്റു വീണ ഒരു അമ്മ മരം.
            ചില ആളുകള്‍ പരിചയപ്പെടുന്ന നിമിഷം മുതല്‍ നമ്മുടെ സ്വന്തമായി തീരും.ശന്താന്റിയും അങ്ങനെ ആയിരുന്നു.അച്ഛനും ആന്റിയും ഒരുമിച്ചഭിനയിച്ച ഏതോ ഷോര്‍ട്ട് ഫിലിമിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ അവരെ ആദ്യം കാണുന്നത്.പരിചയപ്പെട്ടതും ഞാന്‍ അവരുടെ സ്വന്തക്കാരിയായി.അവര്‍ ഏറെ അടുപ്പത്തോടെ എന്തൊക്കെയോ സംസാരിച്ചു.തിരിച്ചു പോരാന്‍ നേരം "ഈ പൊന്നുമോളെ യ്ക്ക് നല്ല ഷ്ടായി,നല്ല സ്നേഹള്ള മോള്" എന്ന് പറഞ്ഞു ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ഉമ്മ തന്നു.
      ആ അമ്മ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി.അച്ഛന്റെ 'വാലായി' സിനിമാസംബന്ധിയായ പല ചടങ്ങുകള്‍ക്കും പോയിട്ടുണ്ട്.അവിടെയൊക്കെ അച്ഛന്റെ സുഹൃത്തുക്കള്‍ സ്നേഹത്തോടെ ഇടപെട്ടിട്ടുണ്ട്.പക്ഷെ,അപ്പോഴൊന്നും അനുഭവപ്പെടാത്ത ഊഷ്മളതയാണ് അവര്‍ പകര്‍ന്നു തന്നത്.മേക്കപ്പില്ലാതെ അഭിനയിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു.ജീവിതത്തിലും അഭിനയിക്കാനുള്ള പാടവം സ്വായത്തമാക്കിയിരുന്നെങ്കില്‍ ആ അമ്മ ഇത്ര വലിയ പരാജയമാവുമായിരുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.
           സിനിമാക്കാരുടെ ജീവിതത്തിലും കണ്ണീരുപ്പുണ്ട് എന്ന എന്റെ ആദ്യ തിരിച്ചറിവായിരുന്നു ശാന്തന്റി.ഞങ്ങളുടെ വീടിനടുത്ത്‌ നടന്ന ഒരു ഷൂട്ടിംഗ് ആണ് അതിനു നിമിത്തമായത്.ഷൂട്ടിങ്ങുളള നാല് ദിവസവും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഷൂട്ടിംഗ് ഇടവേളകളില്‍ അവര്‍ എനിക്ക് സ്വന്തം ജീവിതം പറഞ്ഞു തന്നു,ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ.സഹതാപം  കൊതിക്കുന്ന മുഖഭാവമില്ലാതെ,
സഹനത്തിന്റെ ഇടര്ച്ചയില്ലാതെ...തിരിച്ചടികള്‍ മാത്രം നിറഞ്ഞ ജീവിതത്തെക്കുറിച്ച് പറയുമ്പോഴും ഒരിക്കല്‍ പോലും വിധിയെ പഴിക്കുന്നത് കേട്ടില്ല.കഥ പാതിയില്‍ നിര്‍ത്തി ഷോട്ടിനു പോയി തിരിച്ചു വരും.ഇടയ്ക്ക് ആരെങ്കിലും പെട്ടെന്ന് കയറി വന്നാല്‍ എന്തെങ്കിലും തമാശ പറഞ്ഞു ചിരിയ്ക്കും.പ്രശ്നങ്ങള്‍ അവരുടെ ദിനചര്യയുടെ ഭാഗമാണെന്ന പോലെ!
     ആന്റിക്ക് വല്ലാത്ത ഒരുആത്മബന്ധമായിരുന്നു ഞങ്ങളുടെ കുടുംബത്തോട്.
ഒരിടയ്ക്ക്,അവരും അച്ഛനും കുറച്ചു പ്രോജക്ടുകളിലോക്കെ  ഒരുമിച്ചു അഭിനയിച്ചിരുന്നു.അതും അടുപ്പം കൂടാന്‍ ഒരു കാരണമായിട്ടുണ്ടാവും.സീനിയോറിട്ടി കൊണ്ടും പ്രായം കൊണ്ടും ഒരു പാട് താഴെയുള്ള അച്ഛനെ 'ചന്ദ്രേട്ടന്‍' എന്നാണ് ആന്റി വിളിച്ചിരുന്നത്‌.ചില ആള്‍ക്കാര്‍ക്ക് സ്നേഹത്തോടൊപ്പം ബഹുമാനവും കൊടുക്കണം എന്നാണ് അതിന്റെ വിശദീകരണം.എപ്പോള്‍ മഞ്ചേരിയില്‍ വന്നാലും വീട്ടില്‍ വരാതെ പോവില്ല."ബടെ വന്നു ങ്ങളെയൊക്കെ കണ്ടു വര്‍ത്താനം പറഞ്ഞു കൊറേ ചിരിച്ചാ ഒരു സുഖാണ്" എന്നാണ് പറയാറ്.
        കോഴിക്കോട് ചെല്ലുമ്പോ സമയമുള്ളപ്പോഴൊക്കെ ഞങ്ങള്‍ ശാന്താന്റിയെകൂടെ കൂട്ടും.ഏതെങ്കിലും ഒരു നല്ല ഹോട്ടലായിരിക്കും ആദ്യ ലക്‌ഷ്യം.കൊച്ചു കുട്ടികളെ പോലെ 'കലപില വര്‍ത്താനം' പറഞ്ഞു ആന്റി ഭക്ഷണം കഴിക്കുന്നത്‌ കാണാന്‍ അച്ഛനും എനിക്കും എന്നും കൌതുകമായിരുന്നു."ഞാന്‍ കൊറേ തിന്നാ ങ്ങക്ക് കൊറേ ബില്ലാവൂലെ ചന്ദ്രേട്ടാ",എന്ന് നിഷ്‌കളങ്കതയോടെ ചോദിക്കും."ശാന്തേടത്തി വേണ്ടത്ര കഴിച്ചോളു,ആ നഷ്ട്ടം ഞാന്‍ സഹിച്ചോളാം" എന്ന് അച്ഛന്‍ പറയുമ്പോ തെളിഞ്ഞു ചിരിക്കും.ആ 'ഉച്ചക്കൂട്ടത്തിന്റെ ' ഗുണം എനിയ്ക്കാണ് കിട്ടാറ്‌.സമയമെടുത്തുള്ള കഴിയ്ക്കലിനിടയില്‍ അച്ഛനും ആന്റിയും ഒരു പാട് സിനിമാനുഭവങ്ങള്‍ പങ്കു വെയ്ക്കും.അങ്ങനത്തെ ഒരു ഉച്ചക്ക് ആന്റി  അച്ഛനോട്  ചോദിച്ചു, "ചന്ദ്രേട്ടാ,യ്ക്ക് കിട്ട്യ മെഡലൊക്കെ ങ്ങക്ക് തരട്ടെ?ഷ്ട്ടള്ള  കാശ് തന്നാ മതി.ന്റെ മാതിരി ജീവിയ്ക്കാന്‍ ഗതില്ലാത്തോരെ കയ്യില് അതിരുന്നിട്ടു ഒരു കാര്യോല്ല.ങ്ങക്കാവുമ്പോ അത് സൂക്ഷിച്ചു വെയ്ക്കാല്ലോ."എത്ര ഗതികേട് കൊണ്ടാവും അവര്‍ അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടത്!മടക്കയാത്രയില്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നത്‌ ഞാന്‍ കണ്ടു.അമ്മയെപ്പോലെ കാണുന്ന 'ശാന്തേടത്തി'യുടെ ആ വാക്കുകള്‍ അച്ഛനെ മുറിവേല്‍പ്പിച്ചു എന്ന് എനിയ്ക്ക് മനസ്സിലായി.അതിനു മുന്‍പും ശേഷവും അച്ഛന്‍ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു സഹായിച്ചിട്ടുണ്ട്,ഒരു അവകാശം പോലെ.പക്ഷെ,ആദ്യമായും അവസാനമായും ഇങ്ങനെ ഒരു കാര്യം അവര്‍ ആവശ്യപ്പെടുമെന്ന് സങ്കല്‍പ്പിച്ചിരുന്നത് പോലുമില്ല.പിന്നിട് പല തവണ ഇതേ കാര്യം വേദനയോടെ അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
       എന്റെ കല്യാണത്തിന് ഒരാഴ്ച മുന്‍പ് വീട്ടില്‍ വന്നപ്പോഴാണ് ആന്റിയെ ഞാന്‍ അവസാനമായി കണ്ടത്.കല്യാണത്തിനുടുക്കാനുള്ള മുണ്ടും വേഷ്ടിയും കൊടുത്തു അനുഗ്രഹം വാങ്ങിയപ്പോ ഒന്നും പറയാതെ എന്നെ ചേര്‍ത്ത് പിടിച്ചു നിന്നു കുറച്ചു നേരം.കല്യാണത്തിനു തലേ ദിവസം എത്തും എന്ന് പറഞ്ഞാണ് അന്ന് പോയത്."ശാന്തേടത്തി കാറില്‍ വന്നാ മതി" എന്ന് പറഞ്ഞു അച്ഛന്‍ കയിലെന്തോ പിടിപ്പിയ്ക്കുന്നത് കണ്ടു.പക്ഷെ,ആന്റി വന്നില്ല.പിന്നീടു കണ്ടപ്പോഴോന്നും അച്ഛനോ വിളിച്ചപ്പോ ഞാനോ അതിനെക്കുറിച്ച് ചോദിച്ചു വിഷമിപ്പിച്ചിട്ടില്ല.രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള എന്തെങ്കിലും തത്രപ്പാടില്‍ ആയിരുന്നിരിക്കും അവര്‍ എന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയായിരുന്നു.
       കല്യാണത്തിന് ശേഷം,കഴിഞ്ഞ ആറ് വര്‍ഷങ്ങളായി,എറണാകുളത്തെ ജീവിതവും തിരക്കുകളുമായി എനിയ്ക്ക് ആന്റിയെ കാണാന്‍ സാധിച്ചില്ല.പക്ഷെ,ആന്റി എന്റെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരുന്നു.പലരോടും സ്വന്തം മകളെ കുറിച്ചെന്ന പോലെ സ്നേഹത്തോടെ എന്നെക്കുറിച്ച് പറഞ്ഞിരുന്നതായും എനിയ്ക്കറിയാം.ഒന്നര വര്ഷം മുന്‍പ് അച്ഛന്‍ മരിയ്ക്കുന്നത് വരെ അച്ഛനിലൂടെ ഞാനും വിവരങ്ങള്‍ അറിഞ്ഞിരുന്നു.ഈയിടെ മാധ്യമങ്ങളിലൊക്കെ വന്നപ്പോഴാണ് അവര്‍ ഇത്രയും ഒറ്റപ്പെട്ട വിവരം അറിയുന്നത്.നാട്ടില്‍ വരുമ്പോ പോയി കാണണം എന്ന് ആശിച്ചിരുന്നെങ്കിലും അത് സാധിച്ചില്ല.
     ജീവിതം മുഴുവന്‍ ആര്‍ക്കോ വേണ്ടി ഉരുകി തീര്‍ക്കുമ്പോഴും ആ അമ്മയ്ക്ക് പരാതികള്‍ ഇല്ലായിരുന്നു.കിട്ടാതെ പോയ സൌഭാഗ്യങ്ങളെക്കുറിച്ച് എണ്ണി പറയാറില്ലായിരുന്നു.ഒരു നല്ല നാളെ പുലരും എന്ന പ്രതീക്ഷ മാത്രമായിരുന്നു ബാക്കി.മനസ്സ് തുറന്നു സ്നേഹിക്കാനുള്ള കഴിവാണ് അവര്‍ക്ക് ഈ ശക്തി കൊടുത്തതെന്ന് തോന്നുന്നു.സ്വന്തം ജീവിതത്തെ കീറിമുറിച്ച ദുരനുഭവങ്ങളുടെ കൂരമ്പുകളില്‍ തേന്‍ പുരട്ടി അത് കൊണ്ടു ഈ കാലം മുഴുവന്‍ സ്നേഹത്തിന്റെ പാലം തീര്‍ക്കുകയായിരുന്നു അവര്‍.തനിക്കു ഒരു നല്ല കാലവും കൊണ്ടു അതിലെ ആരെങ്കിലും വരുമെന്ന് അവര്‍ വെറുതെ മോഹിച്ചിരുന്നു.അതിനു കഴിഞ്ഞില്ല എന്നത് വേദനയല്ല,കുറ്റബോധമാണ്.
         സ്നേഹത്തിന്റെ കടം വീട്ടി തീര്‍ക്കാനാവാത്തത് കൊണ്ടു കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ,നരച്ച കോട്ടന്‍ സാരിയുടുത്ത്‌ തോളില്‍ ബേഗും തൂക്കി  റോഡരികില്‍ ഞങ്ങളുടെ കാറ് നോക്കി നില്‍ക്കുന്ന ശാന്താന്റിയെ ഇനിയും കണ്ണുകള്‍ പരതും,ഒരു ശീലം പോലെ...

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

                                              ഇണ്ടുഞ്ഞക്ക്  പറയാനുള്ളത്...
             എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കുന്ന ശീലം ഞാന്‍ പോലും അറിയാതെയാണ് എന്നില്‍ വളര്‍ന്നത്‌.അത് കൊണ്ടു തന്നെയാവും എന്തെങ്കിലും എഴുതി തുടങ്ങിയേടത്തു തന്നെ അത് നിന്ന് പോയത്.എഴുത്ത് തുടങ്ങിയ സമയം മുതല്‍ ഈ നിമിഷം വരെ എടുത്താല്‍,എഴുതിയത് കുറവും എഴുതാതിരുന്നത് കൂടുതലും ആണ്.
          ഡിഗ്രി പഠനകാലത്ത്‌ തുടങ്ങിയ എഴുത്ത് പി.ജി കാലമായപ്പോഴേക്കും സെമിനാര്‍ പേപ്പര്‍ തയാറാക്കുന്നതിലേക്കും അസൈന്മെന്റ്റ് എഴുത്തിലേക്കും ചുരുങ്ങിയിരുന്നു.പിന്നെ വല്ലപ്പോഴും ഞെക്കി പിഴിഞ്ഞെടുക്കുന്ന ഒരു കവിതയും ലേഖനവും ഒക്കെ ആയി സര്‍ഗാത്മകത രൂപം മാറി.എഴുത്തും എഴുതാനുള്ള തോന്നല്‍ പോലും (എഴുതാനുള്ള കഴിവ് എന്ന് അതിനെ വിളിക്കാന്‍ പറ്റില്ല) മെല്ലെ ഞാന്‍ പാടെ മറന്നു.
      പിന്നെ കഴിഞ്ഞ വര്ഷം സംസാരത്തിനിടെ എങ്ങനെയോ എഴുത്തും വായനയുമൊക്കെ ചര്‍ച്ചാ വിഷയമായപ്പോ എന്റെ ഒരു  സുഹൃത്താണ്‌ ഒരു ബ്ലോഗ്‌ പേജ് ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞത്.അതിലെന്തെങ്കിലും  കുറിച്ചിട്ടാല്‍ എഴുത്തിനു വീണ്ടും മൂര്‍ച്ച വെപ്പിക്കാമെന്നും ചുരുങ്ങിയ പക്ഷം എന്റെ സുഹൃത്തുക്കള്‍ക്കെങ്കിലും അത് വായിക്കാമെന്നും ആയിരുന്നു ആ മഹാന്റെ കണ്ടെത്തല്‍.ആലോചിച്ചപ്പോ സംഗതി തരക്കേടില്ല എന്ന് എനിക്കും തോന്നി.
     ബ്ലോഗുണ്ടായാല്‍ മാത്രം പോരല്ലോ അതിനൊരു തലക്കെട്ട്‌ വേണ്ടേ?"ഇണ്ടുഞ്ഞകിസകള്‍" എന്ന പേരിടാന്‍ എനിക്ക് അധികം ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല.എന്ത് കൊണ്ടു അങ്ങനെയൊരു പേര് എന്ന് ചോദിച്ചാല്‍ 'ഇണ്ടുഞ്ഞക്ക്' പറയാനുള്ള 'കിസ്സകള്‍' ആയതു കൊണ്ടു എന്ന് തന്നെ ഉത്തരം.
    നമ്മള്‍ എത്രയൊക്കെ വളര്‍ന്നാലും ദേശങ്ങളും രാജ്യങ്ങളും മാറി സന്ജരിച്ചാലും നമ്മളിലെ ഒരു കൊച്ചു കുട്ടി നാട്ടിന്‍പുറത്തെ തറവാട്ട്‌ മുറ്റത്ത്‌ ഓടികളിക്കും എന്നാണ് എനിക്ക് തോന്നുന്നത്.എല്ലാരുടെയും കാര്യം പറയാന്‍ ഞാന്‍ ആളല്ല.പക്ഷെ എനിക്ക് അങ്ങനെയാണ്.ആ കുട്ടിയെ അവളുടെ അമ്മമ്മ മനസ്സിലെ എല്ലാ സ്നേഹവും ചേര്‍ത്തുവെച്ചു വിളിച്ചിരുന്ന,ഇപ്പോഴും വിളിക്കണ പേരാണ് ഇണ്ടുഞ്ഞ.അമ്മമ്മയുടെ വ്യാകരണ പുസ്തകത്തില്‍ അവര്‍ തന്നെ എഴുതി ചേര്‍ത്ത സ്നേഹത്തിന്റെ പര്യായ പദം.'എന്റെ കുഞ്ഞു' എന്നതിന്റെ ഒരു നാടന്‍ പകര്‍പ്പായിരിക്കാം അത്.ആ പേരിന്റെ ഉത്ത്പത്തിയെപറ്റി എനിക്ക് അത്രയേ പറയാനാവൂ.കാരണം,ഈ പേര് എവിടന്നു കിട്ടി എന്ന് ചോദിച്ചാല്‍ ആളെ കുഴക്കുന്ന ചിരി മാത്രമാണ് അമ്മമ്മയുടെ ഉത്തരം.
         വല്യച്ഛന്റെ(അമ്മയുടെ അച്ഛന്‍) റേഡിയോയില്‍ തുറക്കുന്ന ആകാശവാണി,വേര്‍തിരിച്ചെടുക്കാനാവാത്ത പക്ഷികളുടെ ജുഗല്‍ബന്ദി,തൊഴുത്തില്‍ നിന്നുള്ള പശുക്കളുടെ അക്ഷമ,താഴെ നിന്ന് നേര്ര്‍ത്തു വരുന്ന തൈര് കടയണ ശബ്ദം,പിന്നെ പൊന്നുമേമ അബുദാബിയില്‍ നിന്ന് കൊണ്ടു വന്ന ക്ലോക്കിന്റെ സംഗീത സാന്ദ്രമായ സമയമറിയിപ്പ്,ഇത്രയും ചേര്‍ന്നാല്‍ അമ്മയുടെ വീട്ടിലെ പ്രഭാതത്തിന്റെ ആംബിയന്‍സ് പെര്‍ഫെക്റ്റ്‌.ഉണര്‍ന്നു താഴെ വന്നാല്‍ അമ്മമ്മ തൈര് കടയണത് കറക്റ്റ് അല്ലെ എന്ന് ചെക്ക് ചെയ്യലാണ് എന്റെ ആദ്യ പണി.അപ്പൊ തൈര് കടയലിന്റെ താളത്തിന് ഒട്ടും ഭംഗം വരുത്താതെ അമ്മമ്മേടെ ഒരു ചോദ്യമുണ്ട്,"ഇണ്ടുഞ്ഞാ...പല്ല് തേച്ചോ?"അങ്ങനെയാണ് ഇണ്ടുഞ്ഞയും  ആ ആമ്ബിയന്സിന്റെ ഭാഗമാവുന്നത്.അതിനു ശേഷം ഒരു ദിവസം പല തവണ പല താളത്തില്‍ ആ വിളി കേള്‍ക്കാം.അങ്ങനെ അങ്ങനെ ആ പേര് എന്നിലേക്ക്‌ അലിഞ്ഞു ചേര്ന്നു. 
     ഞാന്‍ വളരുന്നതോടൊപ്പം ഇണ്ടുഞ്ഞയും എന്റെയുള്ളില്‍ ആഴ്ന്നു തുടങ്ങി,ഗതകാലത്തിന്റെ ഉറപ്പുള്ള വേരായി.പക്ഷെ അമ്മമ്മ അപ്പോഴേക്കും വിളി ഒന്ന് പരിഷ്ക്കരിച്ചു 'റാണി മോളെ' എന്നാക്കിയിരുന്നു.അങ്ങനെ വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ വേറെ ആളെ നോക്കണം എന്ന് എന്റെ പ്രധിഷേധം ഞാന്‍ അപ്പൊ തന്നെ അമ്മമ്മയെ അറിയിച്ചു.'ണ്ടുഞ്ഞ  വല്ല്യ കുട്ട്യായില്ല്യെ  അപ്പൊ നാണക്കേട്‌ തോന്നണ്ടാന്നുച്ച്ട്ടാ' എന്നായിരുന്നു മറുപടി.ഇണ്ടുഞ്ഞയല്ലാതായാല്‍ എനിക്ക് നിലനില്‍പ്പില്ലെന്നും വേരറ്റ ചെടിക്ക് വളരാനാവില്ലെന്നും ഒക്കെ അമ്മമ്മയോടു പറയണം എന്ന് മനസ്സ് കൊതിച്ചു.പക്ഷെ അത് കേട്ടു  "ന്റെ കുട്ടിക്ക് 'നൊസ്സ്'ണ്ടോ എന്ന് ആ പാവം പേടിക്കണ്ട എന്ന് വിചാരിച്ചു മിണ്ടാതിരുന്നു.പക്ഷെ അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലുറപ്പിച്ചു,ജീവിതത്തിന്റെ കെട്ടുകാഴ്ച്ചകള്‍ക്കപ്പുറത്തു ഞാന്‍ 'ഇണ്ടുഞ്ഞ'യാണെന്ന് എല്ലാരേം അറിയിക്കണമെന്ന്.
        ചിട്ടയും ആകൃതിയുമില്ലാതെ മനസ്സില്‍ നിന്ന് ചാടി വന്നു വരികളായി നിരന്നിരിക്കുന്ന എന്റെ കുറിപ്പുകള്‍ക്ക് ഇണ്ടുഞ്ഞയെന്ന പാകതയില്ലാത്ത ആ കൊച്ചു കുട്ടിയുടെ മുഖമാണ്.അപ്പൊ പിന്നെ ഇതിലും നല്ല ഒരു തലക്കെട്ട്‌ ആ കുറിപ്പുകള്‍ക്ക് വേറെ കാണാനില്ല...!!!

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

                                              അര്‍ദ്ധവിരാമം
ഞൊടിയിലെ‍ങ്ങോ പടിയിറങ്ങി  പോയച്ഛന്‍  
ഇരുളില്‍ പതിയിരുന്നൊരു മരണത്തെ പുല്‍കി
കാലപാശത്തിന്‍ ബന്ധനം മുറുകവേ
സ്നേഹപാശത്താല്‍ ബന്ധിതനായില്ലച്ഛന്‍.

വിഷുപ്പുലരിയില്‍,എന്നുമോര്‍ക്കും കണിയായച്ഛന്‍!
ഇല്ലിനി നീളുകില്ലാ കൈകള്‍ 
സ്നേഹവാത്സല്യത്തിന്‍ കൈനീട്ടമായി;
അനുഗ്രഹാശിസ്സുകളായി ഞങ്ങള്‍ക്കുള്ളില്‍ 
നിറയുകയില്ലിനിയാ കരുതലിന്‍ ശക്തി.

ജീവിതത്തെയേറെ പ്രണയിച്ചതാണച്ഛന്‍
നെയ്തുകൂട്ടിയതൊന്നല്ല ഒരായിരം സ്വപ്‌നങ്ങള്‍...
സഫലമായവയില്‍ ഒരു കുടന്നയെങ്കില്‍ 
നിറമേകാതെ പോയതൊരു കുന്നോളം.

പട്ടടയില്‍ എരിഞ്ഞമരുമ്പോഴുമെന്തോ
പറയാതെ ബാക്കി വെച്ചിരുന്നച്ഛന്‍ 
 അതെന്തെന്നു ഞാന്‍ പകയ്ക്കവേ 
എന്മുന്നില്‍ അര്‍ദ്ധവിരാമമായച്ഛന്‍ !

2010, ജൂലൈ 28, ബുധനാഴ്‌ച

                              നിസ്വാര്‍ത്ഥസ്നേഹത്തിനു                                 
                           പേരുണ്ടെങ്കില്‍...          

  "മിസ്സ്‌ യു".ഈ അടുത്ത കാലത്തായി നമ്മള്‍ ഏറ്റവും അധികം പറയുകയും കേള്‍ക്കുകയും ചെയ്യുന്ന വാക്ക്.
ജീവിതത്തില്‍ കണ്ടുമുട്ടുന്നവരോട് അല്ലെങ്കില്‍ കേള്‍ക്കുന്നവരോട് നമുക്ക് ഇത് പറയാം.പക്ഷെ നമ്മുടെ കാഴ്ചക്കും കേള്‍വിക്കും അപ്പുറത്തേക്ക് 
പോയവരോട് നമ്മള്‍ എന്ത് പറയും?
                     അവരുടെ അഭാവം സൃഷ്ടിക്കുന്ന വേദന അസഹ്യമാണെന്ന് അവരെ അറിയിക്കാന്‍ ഒരു ഭാഷയുണ്ടെങ്കില്‍ എത്ര നന്നായിരുന്നു !എങ്കില്‍ എനിക്ക് എന്റെ അച്ഛനോട്,വല്യച്ഛനോട് (അമ്മയുടെ അച്ഛന്‍),ഹരിഹരേട്ടനോട് എല്ലാം അത് പറയാമായിരുന്നു.
           അച്ഛനെ ഞാന്‍ മിസ്സ്‌ ചെയ്യുന്നത് എന്റെ അച്ഛനായത് കൊണ്ടും വല്യച്ഛനെ മിസ്സ്‌ ചെയ്യുന്നത് എന്റെ വല്യച്ഛനായത് കൊണ്ടുമാണ്.പക്ഷെ ഹരിഹരേട്ടന്‍,ആ മനുഷ്യന്‍ ഒരു ശൂന്യതയാവാന്‍ വേണ്ടി എന്നാണ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത്?
         ശരിക്കോര്‍മയില്ല.എങ്കിലും എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ്.അച്ഛന്‍ ചെന്നൈയിലെ സ്ഥിരവാസം മതിയാക്കി  നാട്ടില്‍ വന്ന സമയം.വീടിനു മുന്നിലെ ശിവ ക്ഷേത്ര 
കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആയവര്ഷം.അന്ന് ശിവരാത്രി കൊഴുപ്പിക്കാന്‍ 'ചന്ദ്രേട്ടന്റെ' പിന്നില്‍ അണി നിരന്നവരില്‍  പതിനെട്ടു വയസുകാരനായ ആ നമ്പീശന്‍ കുട്ടിയും ഉണ്ടായിരുന്നു.അന്ന് തുടങ്ങിയ ബന്ധം ഹരിഹരേട്ടന്‍ അച്ഛന്റെ 'വാല്‍' ആവുന്നതിലേക്ക് എപ്പോഴാണ് വളര്‍ന്നത്‌ എന്നറിയില്ല.പക്ഷെ അന്ന് മുതല്‍ ഈ ജൂലൈ രണ്ടാം തിയതി ഈ ലോകം വിട്ടു പോവുന്നത് വരെ അദ്ദേഹം ഒരു നിഴലായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു,നീണ്ട ഇരുപത്തിരണ്ടു വര്ഷം...


      ഒറ്റ കുട്ടിയായി വളര്‍ന്ന എനിക്ക് ഒരു മൂത്ത ചേട്ടന്റെ സ്നേഹവും തണലും ആയിരുന്നു ഹരിഹരേട്ടന്‍.എന്റെ എല്ലാ വാശികള്‍ക്കും കുറുമ്ബുകള്‍ക്കും ഓരം നില്‍ക്കണ വല്യേട്ടന്‍."ഏട്ടന്റെ മുത്താണിയെ" എന്ന് വിളിച്ചു എന്റെ ചിരികളികളില്‍ ലോകത്തിലെ എല്ലാ സന്തോഷവും കണ്ടിരുന്ന ആള്‍.
   ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോഴാണ് എന്ന്തോന്നുന്നു അച്ഛനുമായി അഭിപ്രായ വ്യത്യാസമുണ്ടായി  എന്തോ തറുതല  പറഞ്ഞു ഞാന്‍.ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി അച്ഛന്‍ കസേരയില്‍ നിന്ന് ചാടി എണീറ്റതെ ഓര്‍മയുള്ളൂ എനിക്ക്.അച്ഛന്‍ ആകെ മൂന്നോ നാലോ തവണയേ തല്ലിയിട്ടുള്ളു.അത് കൊണ്ട് തന്നെ അങ്ങനെ ഒരു സിറ്റുവേഷന്‍ വന്നാല്‍ സങ്കടം വരും.അച്ഛന്റെ ബലമുള്ള കൈ ആഞ്ഞു വീഴുന്നതും പ്രതീക്ഷിച്ചു കണ്ണടച്ച് നിക്കാണ് ഞാന്‍.'പടെന്നു' അടി വീണ ശബ്ദം കേട്ടു.എന്താണ് സംഭവിച്ചത് എന്നറിയാന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.എനിക്ക് കിട്ടേണ്ട അടി ഹരിഹരേട്ടന്‍ വാങ്ങി കഴിഞ്ഞിരുന്നു,'ചന്ദ്രേട്ടാ നമുക്ക് ആകെ ഒന്നല്ലേ  ഉള്ളു,റാണി മോളെ വേദനിപ്പിക്കരുത് 'എന്ന് പറഞ്ഞ്. ഈശ്വരാ! രക്തബന്ധത്തില്‍ ഒരു ആങ്ങള ഉണ്ടെങ്കില്‍ ചെയ്യുമായിരുന്നോ അങ്ങനെ ഒരു കാര്യം?
       ഞങ്ങളുടെ രണ്ടു വീട് അപ്പുറത്തായിരുന്നു അവരുടെ വീട്.എന്നാലും ഞങ്ങളുടെ വീട്ടിലാണ് താമസിക്ക്യ.ഒരു  മെഡിക്കല്‍ ഷോപ്പിലെ സെയില്‍സുമാന്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്,പിന്നെ വിശേഷ ദിവസങ്ങളില്‍  അമ്പലത്തിലെ കഴകോം.ഞാന്‍ കലോല്സവങ്ങള്‍ക്ക് പോവുമ്പോഴൊക്കെ  ലീവ് എടുത്തു കൂട്ട് വരും.'വെറുതെ ലീവ് എടുക്കണ്ട,നമ്മുടെ ഡ്രൈവര്‍ ഉണ്ടല്ലോ'ന്നു  പറഞ്ഞാലൊന്നും കേള്‍ക്കില്ല.'മര്യാദക്ക് ഭക്ഷണം കിട്ടണ സ്ഥലം ആണോന്നു അറിയില്ലല്ലോ,എന്തെങ്കിലും വാങ്ങിച്ചു തരാനൊന്നും ആരും ഉണ്ടാവില്ല' എന്ന് പറയും.        എന്നും രാത്രി ജോലികഴിഞ്ഞു തിരിച്ചുവരുമ്പോ കൈയിലൊരു പൊതിയുണ്ടാവും.ചിലപ്പോ പുതിയതായി ഇറങ്ങിയ ഒരു  ഡ്രസ്സ്‌,അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍,ഫ്രൂട്സ് അങ്ങനെ വല്ലതും."എന്നും എന്തിനാ ഓരോന്ന് വാങ്ങി കൊണ്ട് വരണത്" എന്ന് അമ്മ  ശകാരിക്കുമ്പോഴും "എന്താ ഞങ്ങളൊന്നും എണ്ണത്തില്‍ പെടില്ലേ" എന്ന് അച്ഛന്‍ ചോദിക്കുമ്പോഴും ഒക്കെ ഒരു പുഞ്ചിരി ആയിരിക്കും മറുപടി.


    എന്റെ കല്യണത്തിനോടനുബന്ധിച്ചു ലീവ് കൊടുത്തില്ല എന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ഷോപ്പിലെ ജോലി കളഞ്ഞു.അന്‍പതിനായിരം രൂപയും മൂന്നു പവനും ആയിരുന്നു എനിക്കുള്ള കല്യാണ സമ്മാനം!"എട്ടന് ഇതേ തരാന്‍ പറ്റിയുള്ളൂ"എന്ന മുഖവുരയോടെ.ചെറിയ വരുമാനമുള്ള ജോലിയില്‍ നിന്ന് വീട്ടില്‍ കൊടുത്തതിനു ശേഷം ബാക്കി കൂട്ടി വെച്ച് ഉണ്ടാക്കിയ സമ്പാദ്യം!
    കല്യാണം അടുക്കുംതോറും വിഷമമായിരുന്നു ആ പാവത്തിന്.പുതിയ ആള്‍ ഈ 'ആങ്ങളയെ' സ്വീകരിക്കില്ല എന്ന പേടി.പക്ഷെ തിരിച്ചാണ് സംഭവിച്ചത്.ഏട്ടന്‍ വളരെ പെട്ടന്ന് ഹരിഹരേട്ടനുമായി അടുത്തു.അങ്ങനെ അച്ഛന്റെ 'ബോഡി ഗാര്‍ഡ്' (എല്ലാവരും അങ്ങനെയാണ് വിളിക്ക്യ.വേറൊന്നും അല്ല.കണ്ടാല്‍ ഒരു കൊടക്കമ്പി സ്റ്റൈല്‍ ആണ്.ഭാവം ബ്ലാക്ക്‌ ബെല്‍റ്റ്‌ സിക്സ് പായ്ക്ക് ആണെന്നും.പിന്നെ ആള് തന്നെ അങ്ങനെയാ പറയ) ഏട്ടന്റെയും 'ബോഡിഗാര്‍ഡ്' ആയി.
        മെഡിക്കല്‍ ഷോപ്പ് വിട്ട ശേഷം പിന്നെ മുഴുവന്‍ സമയം കഴകം ഏറ്റെടുത്തു.മൂന്നു വര്ഷം മുന്‍പാണ്‌ അടിക്കടി കണ്ണ് ചുവന്നു കലങ്ങി വേദനയൊക്കെ  വരാന്‍ തുടങ്ങിയത്.ഞങ്ങള്‍ അന്ന് എറണാംകുളത്ത് കൊണ്ട് പോയി ലിറ്റില്‍ ഫ്ലവറില് ഒക്കെ കാണിച്ചു.മൂന്നു മാസം നിര്‍ബന്ധിച്ചു റസ്റ്റ്‌ എടുപ്പിച്ചു.പിന്നെ ചികിത്സയൊക്കെ മതിയാക്കി നാട്ടിലേക്ക് തിരിച്ചു.അന്ന് അറിയില്ലായിരുന്നു മൂന്ന് വര്ഷം കഴിഞ്ഞു വരാനുള്ള ഒരു വിപത്തിന്റെ മുന്നോടിയാണ് ഇതെന്ന്...      രണ്ടായിരത്തി ഏഴില്‍ പാമ്ബുമേക്കാട്ടു പോസ്റ്റിങ്ങ്‌ ആയപ്പോ സന്തോഷോം സങ്കടോം ഉണ്ടായിരുന്നു,നല്ല ഓഫര്‍ ആണെന്ന് സന്തോഷം,പക്ഷെ ഇവിടന്നു വിട്ടു നിക്കണ്ടേ എന്ന് വിഷമം.രണ്ടു വര്‍ഷത്തെക്കല്ലേ അത് വേഗം പോവുമല്ലോ എന്ന് പറഞ്ഞാണ് ജോലിയില്‍ ചേര്‍ന്നത്‌.അവിടെ നിന്ന് ലീവ് കിട്ടാനൊക്കെ ബുദ്ധിമുട്ടാണ്.എന്റെ അച്ഛന്‍ മരിച്ചിട്ടൊന്നും വരാന്‍ പറ്റിയില്ല.അത് ആ മനസ്സിനെ വല്ലാതെ  വേദനിപ്പിച്ചിരുന്നു.രണ്ടായിരത്തി ഒന്‍പതു ഡിസംബര്‍ ഇരുപത്തെട്ടാം തിയതി ജോലി കാലാവധി തീരുമായിരുന്നു."അത് വരെ മോള് നാട്ടില്‍ തന്നെ വേണം,അത് കഴിഞ്ഞാ ഞാന്‍ അവിടെ തന്നെ ഉണ്ടാവും" എന്ന് അടിക്കടി വിളിച്ചു പറയും.പക്ഷെ വാക്ക് പാലിച്ചില്ല!
   കഴിഞ്ഞ ആഗസ്ത് ഒന്നിനാണ് എല്ലാം തകിടം മറിഞ്ഞത്.പത്തു ദിവസത്തെ ലീവ്കിട്ടിയ സന്തോഷത്തില്‍ നാട്ടിലേക്ക് വന്നതാണ്‌.അര മണിക്കൂറില് അവിടെയെത്തും  എന്ന് വിളിച്ചു പറഞ്ഞ ആളില്‍ നിന്ന് പിന്നെ വിവരം ഒന്നും ഇല്ല.കുറച്ചു കഴിഞ്ഞപ്പോ അവിടുത്തെ ഏടത്തിയമ്മ വിളിച്ചു പറഞ്ഞു'ബാബുവിന് ഒരു കുഴച്ചില് പോലെ.അങ്ങട് വരണംന്നു പറഞ്ഞ് വാശി പിടിക്ക്യാണ്,ഞങ്ങള്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോവാണ്‌' എന്ന്.ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല.ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴും വല്ല്യ കുഴപ്പം ഒന്നും ഇല്ല.സോഡിയത്തിന്റെ കുറവാണെന്ന്  പറഞ്ഞു ഡോക്ടര്‍.പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ ഒരു വശം   മൊത്തമായി കുഴഞ്ഞു.പിന്നെയുള്ള മാസങ്ങള്‍ ചികിത്സയുടെയും പ്രാര്തനയുടെയും  ആയിരുന്നു.
      ജീവിക്കാന്‍ ഒരു പാട് കൊതിച്ചിരുന്നു ഹരിഹരേട്ടന്‍.ആ തണല്‍ എന്നും കൂടെ ഉണ്ടാവണമെന്ന് ഞങ്ങളും.പക്ഷെ പൊരുതി തളര്‍ന്നു കീഴടങ്ങി ആ മനസ്സും ശരീരവും,മരണം എന്ന സത്യത്തിനു മുന്നില്‍.വെറുതെ ജനിച്ചു ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചു തീര്‍ന്നു പോയ ഒരു ജന്മം!  കൃത്രിമത്ത്വത്തിന്റെ ഈലോകത്ത് കളങ്കമില്ലാതെ സ്നേഹിക്കാന്‍ കഴിയണത് ഒരു തെറ്റായിരിക്കുമോ?അത് കൊണ്ടായിരിക്കുമോ ഈശ്വരന്‍ അത്തരമാളുകളെ ഭൂമിയില്‍ നിന്ന് വേഗം തുടച്ചു നീക്കുന്നത്?അവരുടെ സ്നേഹം, നന്മ എല്ലാം ലോകത്തിന്റെ പതനത്തിനും അവസാനത്തിനും തടസ്സമാവും എന്ന് ഭയന്ന്...???