2010, ഫെബ്രുവരി 10, ബുധനാഴ്‌ച

                                  ഒരു  സൗഹൃദത്തിന്റെ കാണാക്കാഴ്ചകള്‍
           എവിടെ നിന്നോ വന്നു എങ്ങോ പോയ്മറഞ്ഞ എന്റെ പ്രിയ കൂട്ടുകാരാ...
                  അങ്ങനെ നിന്നെ വിളിക്കാമോ എന്നെനിക്കറിയില്ല.എങ്കിലും ഞാന്‍ വിളിക്ക്യാണ്.നിനക്ക് രസിച്ചില്ലെങ്കിലും നീരസണ്ടാവില്ല എന്ന വിശ്വാസത്തോടെ.എത്ര അവിചാരിതമായാണ്  നീ എന്റെ മുന്നില്‍ വന്നത്!മായ്ക്കാന്‍ ശ്രമിക്കുംതോറും കൂടുതല്‍ തെളിയുന്ന ഒരു  ചിത്രമായി.പരിചയപ്പെടലിന്റെ ഔപചാരികതക്കിടയിലെ അകലത്തില്‍ നിന്നും നീ എപ്പോഴാണ് എന്നിലേക്ക്‌ അടുപ്പത്തിന്റെ ഒരിഴ നെയ്തത്‌?
         എവിടെയോ അര്‍ദ്ധവിരാമമിട്ട ഒരു കൂടിക്കാഴ്ച്ചയുടെ  തുടര്ച്ചയെന്നാണ് നിന്നെ ആദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.പക്ഷെ വെറും പരിചയത്തിന്റെ അറ്റത്ത് നിന്നെ നിര്‍ത്തി മടങ്ങാനാണ് ഞാന്‍ വിചാരിച്ചത്.വരും നാളുകളിലും നിന്റെ കൂടെ ഈ പുതിയ പരിചയം വേണമെന്ന് ശഠിച്ചത് നീയാണ്.ഓരോ നിമിഷവും ഭയപ്പെട്ടിരുന്ന,അകറ്റാന്‍ ശ്രമിച്ചിരുന്ന നീയെന്ന കാന്തികവലയത്തില്‍ ഞാന്‍ അകപ്പെട്ടത് അറിയാതെയാണെന്ന് പറഞ്ഞാ അതൊരു വല്ല്യ നുണയാവും.അന്ന് ഞാന്‍ മടങ്ങിയപ്പോ നീയുമുണ്ടായിരുന്നു കൂടെ,എനിക്ക് മാത്രം കാണാവുന്ന അകലത്തില്‍;അന്ന് മാത്രമല്ല,പിന്നെയുള്ള ഓരോ പകലും രാത്രിയും...
      നീയോര്‍ക്കുന്നുണ്ടോ?പിന്നെയുള്ള കുറേ നാളുകള്‍  നമ്മള്‍  നേരില്‍ കണ്ടിട്ടേയില്ല.പക്ഷെ അന്നും നമ്മള്‍ ഒരുപാട് പറഞ്ഞിരുന്നു.ആ വാക്കുകളിലൂടെ തമ്മില്‍ കണ്ടിരുന്നു.നീയും ഞാനുമില്ലാത്ത നമ്മുടെ ലോകത്ത് എല്ലാം നമ്മുടേതായിരുന്നു.നിനക്ക് ഞാന്‍ തരുന്ന സമയവും ശ്രദ്ധയും എന്റെ കൂട്ടുകാരികളെ അസ്വസ്ഥരാക്കിയിരുന്നു.ഞങ്ങള്‍ക്ക് അവകാശപ്പെട്ട സമയം പോലും പകുത്തു കൊടുക്കാന്‍ മാത്രം അവന്‍ നിനക്കാരാണെന്ന്  അവരെന്നോട് ചോദിക്കുമായിരുന്നു.അന്ന് അവരോട് പറഞ്ഞ 'അറിയില്ല' എന്ന ഉത്തരമേ ഇന്നും എനിക്ക് അതിനെക്കുറിച്ച് അറിയാവു.
       അല്ലെങ്കില്‍ തന്നെ നീ എനിക്ക് ആരാണ്?അതുമല്ലെങ്കില്‍ ഞാന്‍ നിനക്കാരാണ്?നിനക്കറിയോ?എനിക്കറിയില്ല.നമ്മള്‍ ഒരിക്കലും നമുക്കിടയിലെ അടുപ്പത്തിന് ഒരു പേരും കൊടുത്തിരുന്നില്ല!ഒന്ന് മാത്രം നമ്മള്‍ അറിഞ്ഞിരുന്നു,അത് സൗഹൃദത്തിനും അപ്പുറത്ത് എന്തോ ആണെന്ന്.ആ തോന്നല്‍ സത്യമായിരുന്നു,എനിക്കെങ്കിലും.നിനക്കും അങ്ങനെ തന്നെയെന്നു നീ എന്നെ വിശ്വസിപ്പിച്ചിരുന്നു.
   പന്ത്രണ്ടു മാസം നീണ്ടു നിന്ന ഒരു വസന്തകാലമാണ്‌ നീ എനിക്ക് തന്നത്.അതിനിടയില്‍ വീണുകിട്ടിയ ഹ്രസ്വവും തീര്‍ത്തും അപ്രസക്തവുമായ രണ്ടു കൂടിക്കാഴ്ചകള്‍...ആ ഒരു വര്‍ഷംകൊണ്ട് എന്റെ ലോകം നിന്നിലേക്ക്‌ മാത്രമായി ചുരുങ്ങിയിരുന്നു.അത് അങ്ങനെ മതിയെന്ന് നീ എന്നെ പറഞ്ഞു പഠിപ്പിക്കുകയും ശഠിക്കുകയും ചെയ്തിരുന്നു.എന്നിട്ടും...ഒരു ദിവസം നീ എന്നെ വിട്ടു പോയി,'ഒരു സൗഹൃദം നിലനില്‍ക്കാന്‍ എന്നും സംസാരിക്കണം എന്നില്ല' എന്ന 'വലിയ തത്വം' എന്നെ പഠിപ്പിച്ച്.'എന്നെ എന്നും വിളിക്കണ'മെന്ന്  നിര്‍ബന്ധം പിടിച്ചിരുന്ന നീയാണ്, ഒരു കൊച്ചു കുട്ടി കളിച്ചു മടുത്ത പാവയെ വലിച്ചെറിയുന്ന ലാഘവത്തോടെ, നമ്മുടെ ആ നല്ല ബന്ധം അവസാനിപ്പിച്ചതെന്നു ഉള്‍ക്കൊള്ളാന്‍ പോലും കഴിയണില്ല എനിക്ക്!!ആ നിമിഷത്തില്‍ അതിനു "സൗഹൃദം" എന്ന് ഒരു നിര്‍വചനം കൊടുക്കാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല നിനക്ക്.എന്നും നിന്റെ ഇഷ്ടങ്ങള്‍ എന്റെതുമായിരുന്നത് കൊണ്ട് അതും എളുപ്പത്തില്‍ നടന്നു.
    ലോകമില്ലാത്ത ലോകത്ത് ഒറ്റയാളായി നിന്നപ്പോഴും നിന്നോട് തോന്നിയത് വെറുപ്പല്ല ,മറിച്ച് സഹതാപമാണ്;ഒരു ഭീരുവിനോടുള്ള സഹതാപം.എന്തിന്റെ പേരിലായാലും ഒരു പെണ്‍കുട്ടിയെ ഒപ്പം ചേര്‍ത്തിട്ടു ,ആരെയോ പേടിച്ചു, എന്തിനെയോ പേടിച്ചു,അവളെ കയ്യൊഴിഞ്ഞ നിനക്ക് ഇതിലും ചേരുന്ന ഒരു പേരുണ്ടോ? 
       എന്റെ പ്രിയ കൂട്ടുകാരാ,എപ്പോഴെങ്കിലും ഈ കുറിപ്പ് നിന്റെ കയ്യില്‍ എത്തുമ്പോഴേക്കും നമ്മള്‍ ഒരിക്കലും കൂട്ടിമുട്ടാത്ത നേര്‍രേഖകള്‍ ആയി കഴിഞ്ഞിരിക്കും.ഞാന്‍, ഒരു പക്ഷെ നിന്റെ ലോകത്തിന്റെ തടവറയില്‍ തന്നെയായിരിക്കും,ഒറ്റയ്ക്ക്...നിനക്ക് പുതിയ ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാവും.അതുറപ്പ്‌.നിനക്കതെളുപ്പമാണ്.കാരണം നീ ഉപേക്ഷിക്കപ്പെട്ടവനല്ലല്ലോ  ഉപേക്ഷിച്ചവനല്ലേ?
     ഒന്ന് തീര്‍ച്ച.അന്നും ഞാനുണ്ടാവും നിന്റെ കൂടെ.തിരിച്ചറിയാനാവാത്ത അസ്വസ്ഥതയായി നിന്നെ പൊതിഞ്ഞു,നിന്റെ നിഴലിനെക്കാളും നിന്നോടടുത്തു, ഒരിക്കലും മനസ്സ് നിറഞ്ഞു ചിരിക്കാന്‍ അനുവദിക്കാതെ,ഏതറ്റം വരെയും...
ഇത്രയും നിന്നോട് പറഞ്ഞപ്പോ ഒരു ആശ്വാസം,ഒപ്പം ഒരു സംശയവും-ഇത്രയുമൊക്കെ മനസ്സിലാക്കാനും ഉള്ളില്‍ ഒരു ചെറിയ നൊമ്പരമെങ്ങിലും ഉണ്ടാവാനും നിനക്ക് ഹൃദയം  എന്നൊന്നുണ്ടോ?!...