2010, നവംബർ 25, വ്യാഴാഴ്‌ച

                        വേരറ്റു വീണ സ്നേഹമരം
         ലകളെല്ലാം കൊഴിഞ്ഞു,ചില്ലകള്‍ ഉണങ്ങി ശോഷിക്കുമ്പോഴും വീണ്ടും തളിര്‍ക്കുമെന്ന പ്രതീക്ഷയില്‍ മണ്ണിലേക്ക് വേരാഴ്ത്തി നിലനില്‍പ്പിനു പൊരുതുന്ന ഒരു നന്മ മരം.ഇങ്ങനെയൊരു ചിത്രമാണ്‌ കോഴിക്കോട് ശാന്താദേവിയെ  ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയാറ്.
ആര്‍ക്കോ വേണ്ടി തളിര്‍ത്തു,പൂത്ത്‌,കായ്ച്ചു ആര്‍ക്കും വേണ്ടാതെ വേരറ്റു വീണ ഒരു അമ്മ മരം.
            ചില ആളുകള്‍ പരിചയപ്പെടുന്ന നിമിഷം മുതല്‍ നമ്മുടെ സ്വന്തമായി തീരും.ശന്താന്റിയും അങ്ങനെ ആയിരുന്നു.അച്ഛനും ആന്റിയും ഒരുമിച്ചഭിനയിച്ച ഏതോ ഷോര്‍ട്ട് ഫിലിമിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ അവരെ ആദ്യം കാണുന്നത്.പരിചയപ്പെട്ടതും ഞാന്‍ അവരുടെ സ്വന്തക്കാരിയായി.അവര്‍ ഏറെ അടുപ്പത്തോടെ എന്തൊക്കെയോ സംസാരിച്ചു.തിരിച്ചു പോരാന്‍ നേരം "ഈ പൊന്നുമോളെ യ്ക്ക് നല്ല ഷ്ടായി,നല്ല സ്നേഹള്ള മോള്" എന്ന് പറഞ്ഞു ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ഉമ്മ തന്നു.
      ആ അമ്മ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി.അച്ഛന്റെ 'വാലായി' സിനിമാസംബന്ധിയായ പല ചടങ്ങുകള്‍ക്കും പോയിട്ടുണ്ട്.അവിടെയൊക്കെ അച്ഛന്റെ സുഹൃത്തുക്കള്‍ സ്നേഹത്തോടെ ഇടപെട്ടിട്ടുണ്ട്.പക്ഷെ,അപ്പോഴൊന്നും അനുഭവപ്പെടാത്ത ഊഷ്മളതയാണ് അവര്‍ പകര്‍ന്നു തന്നത്.മേക്കപ്പില്ലാതെ അഭിനയിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു.ജീവിതത്തിലും അഭിനയിക്കാനുള്ള പാടവം സ്വായത്തമാക്കിയിരുന്നെങ്കില്‍ ആ അമ്മ ഇത്ര വലിയ പരാജയമാവുമായിരുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.
           സിനിമാക്കാരുടെ ജീവിതത്തിലും കണ്ണീരുപ്പുണ്ട് എന്ന എന്റെ ആദ്യ തിരിച്ചറിവായിരുന്നു ശാന്തന്റി.ഞങ്ങളുടെ വീടിനടുത്ത്‌ നടന്ന ഒരു ഷൂട്ടിംഗ് ആണ് അതിനു നിമിത്തമായത്.ഷൂട്ടിങ്ങുളള നാല് ദിവസവും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഷൂട്ടിംഗ് ഇടവേളകളില്‍ അവര്‍ എനിക്ക് സ്വന്തം ജീവിതം പറഞ്ഞു തന്നു,ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ.സഹതാപം  കൊതിക്കുന്ന മുഖഭാവമില്ലാതെ,
സഹനത്തിന്റെ ഇടര്ച്ചയില്ലാതെ...തിരിച്ചടികള്‍ മാത്രം നിറഞ്ഞ ജീവിതത്തെക്കുറിച്ച് പറയുമ്പോഴും ഒരിക്കല്‍ പോലും വിധിയെ പഴിക്കുന്നത് കേട്ടില്ല.കഥ പാതിയില്‍ നിര്‍ത്തി ഷോട്ടിനു പോയി തിരിച്ചു വരും.ഇടയ്ക്ക് ആരെങ്കിലും പെട്ടെന്ന് കയറി വന്നാല്‍ എന്തെങ്കിലും തമാശ പറഞ്ഞു ചിരിയ്ക്കും.പ്രശ്നങ്ങള്‍ അവരുടെ ദിനചര്യയുടെ ഭാഗമാണെന്ന പോലെ!
     ആന്റിക്ക് വല്ലാത്ത ഒരുആത്മബന്ധമായിരുന്നു ഞങ്ങളുടെ കുടുംബത്തോട്.
ഒരിടയ്ക്ക്,അവരും അച്ഛനും കുറച്ചു പ്രോജക്ടുകളിലോക്കെ  ഒരുമിച്ചു അഭിനയിച്ചിരുന്നു.അതും അടുപ്പം കൂടാന്‍ ഒരു കാരണമായിട്ടുണ്ടാവും.സീനിയോറിട്ടി കൊണ്ടും പ്രായം കൊണ്ടും ഒരു പാട് താഴെയുള്ള അച്ഛനെ 'ചന്ദ്രേട്ടന്‍' എന്നാണ് ആന്റി വിളിച്ചിരുന്നത്‌.ചില ആള്‍ക്കാര്‍ക്ക് സ്നേഹത്തോടൊപ്പം ബഹുമാനവും കൊടുക്കണം എന്നാണ് അതിന്റെ വിശദീകരണം.എപ്പോള്‍ മഞ്ചേരിയില്‍ വന്നാലും വീട്ടില്‍ വരാതെ പോവില്ല."ബടെ വന്നു ങ്ങളെയൊക്കെ കണ്ടു വര്‍ത്താനം പറഞ്ഞു കൊറേ ചിരിച്ചാ ഒരു സുഖാണ്" എന്നാണ് പറയാറ്.
        കോഴിക്കോട് ചെല്ലുമ്പോ സമയമുള്ളപ്പോഴൊക്കെ ഞങ്ങള്‍ ശാന്താന്റിയെകൂടെ കൂട്ടും.ഏതെങ്കിലും ഒരു നല്ല ഹോട്ടലായിരിക്കും ആദ്യ ലക്‌ഷ്യം.കൊച്ചു കുട്ടികളെ പോലെ 'കലപില വര്‍ത്താനം' പറഞ്ഞു ആന്റി ഭക്ഷണം കഴിക്കുന്നത്‌ കാണാന്‍ അച്ഛനും എനിക്കും എന്നും കൌതുകമായിരുന്നു."ഞാന്‍ കൊറേ തിന്നാ ങ്ങക്ക് കൊറേ ബില്ലാവൂലെ ചന്ദ്രേട്ടാ",എന്ന് നിഷ്‌കളങ്കതയോടെ ചോദിക്കും."ശാന്തേടത്തി വേണ്ടത്ര കഴിച്ചോളു,ആ നഷ്ട്ടം ഞാന്‍ സഹിച്ചോളാം" എന്ന് അച്ഛന്‍ പറയുമ്പോ തെളിഞ്ഞു ചിരിക്കും.ആ 'ഉച്ചക്കൂട്ടത്തിന്റെ ' ഗുണം എനിയ്ക്കാണ് കിട്ടാറ്‌.സമയമെടുത്തുള്ള കഴിയ്ക്കലിനിടയില്‍ അച്ഛനും ആന്റിയും ഒരു പാട് സിനിമാനുഭവങ്ങള്‍ പങ്കു വെയ്ക്കും.അങ്ങനത്തെ ഒരു ഉച്ചക്ക് ആന്റി  അച്ഛനോട്  ചോദിച്ചു, "ചന്ദ്രേട്ടാ,യ്ക്ക് കിട്ട്യ മെഡലൊക്കെ ങ്ങക്ക് തരട്ടെ?ഷ്ട്ടള്ള  കാശ് തന്നാ മതി.ന്റെ മാതിരി ജീവിയ്ക്കാന്‍ ഗതില്ലാത്തോരെ കയ്യില് അതിരുന്നിട്ടു ഒരു കാര്യോല്ല.ങ്ങക്കാവുമ്പോ അത് സൂക്ഷിച്ചു വെയ്ക്കാല്ലോ."എത്ര ഗതികേട് കൊണ്ടാവും അവര്‍ അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടത്!മടക്കയാത്രയില്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നത്‌ ഞാന്‍ കണ്ടു.അമ്മയെപ്പോലെ കാണുന്ന 'ശാന്തേടത്തി'യുടെ ആ വാക്കുകള്‍ അച്ഛനെ മുറിവേല്‍പ്പിച്ചു എന്ന് എനിയ്ക്ക് മനസ്സിലായി.അതിനു മുന്‍പും ശേഷവും അച്ഛന്‍ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു സഹായിച്ചിട്ടുണ്ട്,ഒരു അവകാശം പോലെ.പക്ഷെ,ആദ്യമായും അവസാനമായും ഇങ്ങനെ ഒരു കാര്യം അവര്‍ ആവശ്യപ്പെടുമെന്ന് സങ്കല്‍പ്പിച്ചിരുന്നത് പോലുമില്ല.പിന്നിട് പല തവണ ഇതേ കാര്യം വേദനയോടെ അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
       എന്റെ കല്യാണത്തിന് ഒരാഴ്ച മുന്‍പ് വീട്ടില്‍ വന്നപ്പോഴാണ് ആന്റിയെ ഞാന്‍ അവസാനമായി കണ്ടത്.കല്യാണത്തിനുടുക്കാനുള്ള മുണ്ടും വേഷ്ടിയും കൊടുത്തു അനുഗ്രഹം വാങ്ങിയപ്പോ ഒന്നും പറയാതെ എന്നെ ചേര്‍ത്ത് പിടിച്ചു നിന്നു കുറച്ചു നേരം.കല്യാണത്തിനു തലേ ദിവസം എത്തും എന്ന് പറഞ്ഞാണ് അന്ന് പോയത്."ശാന്തേടത്തി കാറില്‍ വന്നാ മതി" എന്ന് പറഞ്ഞു അച്ഛന്‍ കയിലെന്തോ പിടിപ്പിയ്ക്കുന്നത് കണ്ടു.പക്ഷെ,ആന്റി വന്നില്ല.പിന്നീടു കണ്ടപ്പോഴോന്നും അച്ഛനോ വിളിച്ചപ്പോ ഞാനോ അതിനെക്കുറിച്ച് ചോദിച്ചു വിഷമിപ്പിച്ചിട്ടില്ല.രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള എന്തെങ്കിലും തത്രപ്പാടില്‍ ആയിരുന്നിരിക്കും അവര്‍ എന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയായിരുന്നു.
       കല്യാണത്തിന് ശേഷം,കഴിഞ്ഞ ആറ് വര്‍ഷങ്ങളായി,എറണാകുളത്തെ ജീവിതവും തിരക്കുകളുമായി എനിയ്ക്ക് ആന്റിയെ കാണാന്‍ സാധിച്ചില്ല.പക്ഷെ,ആന്റി എന്റെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരുന്നു.പലരോടും സ്വന്തം മകളെ കുറിച്ചെന്ന പോലെ സ്നേഹത്തോടെ എന്നെക്കുറിച്ച് പറഞ്ഞിരുന്നതായും എനിയ്ക്കറിയാം.ഒന്നര വര്ഷം മുന്‍പ് അച്ഛന്‍ മരിയ്ക്കുന്നത് വരെ അച്ഛനിലൂടെ ഞാനും വിവരങ്ങള്‍ അറിഞ്ഞിരുന്നു.ഈയിടെ മാധ്യമങ്ങളിലൊക്കെ വന്നപ്പോഴാണ് അവര്‍ ഇത്രയും ഒറ്റപ്പെട്ട വിവരം അറിയുന്നത്.നാട്ടില്‍ വരുമ്പോ പോയി കാണണം എന്ന് ആശിച്ചിരുന്നെങ്കിലും അത് സാധിച്ചില്ല.
     ജീവിതം മുഴുവന്‍ ആര്‍ക്കോ വേണ്ടി ഉരുകി തീര്‍ക്കുമ്പോഴും ആ അമ്മയ്ക്ക് പരാതികള്‍ ഇല്ലായിരുന്നു.കിട്ടാതെ പോയ സൌഭാഗ്യങ്ങളെക്കുറിച്ച് എണ്ണി പറയാറില്ലായിരുന്നു.ഒരു നല്ല നാളെ പുലരും എന്ന പ്രതീക്ഷ മാത്രമായിരുന്നു ബാക്കി.മനസ്സ് തുറന്നു സ്നേഹിക്കാനുള്ള കഴിവാണ് അവര്‍ക്ക് ഈ ശക്തി കൊടുത്തതെന്ന് തോന്നുന്നു.സ്വന്തം ജീവിതത്തെ കീറിമുറിച്ച ദുരനുഭവങ്ങളുടെ കൂരമ്പുകളില്‍ തേന്‍ പുരട്ടി അത് കൊണ്ടു ഈ കാലം മുഴുവന്‍ സ്നേഹത്തിന്റെ പാലം തീര്‍ക്കുകയായിരുന്നു അവര്‍.തനിക്കു ഒരു നല്ല കാലവും കൊണ്ടു അതിലെ ആരെങ്കിലും വരുമെന്ന് അവര്‍ വെറുതെ മോഹിച്ചിരുന്നു.അതിനു കഴിഞ്ഞില്ല എന്നത് വേദനയല്ല,കുറ്റബോധമാണ്.
         സ്നേഹത്തിന്റെ കടം വീട്ടി തീര്‍ക്കാനാവാത്തത് കൊണ്ടു കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ,നരച്ച കോട്ടന്‍ സാരിയുടുത്ത്‌ തോളില്‍ ബേഗും തൂക്കി  റോഡരികില്‍ ഞങ്ങളുടെ കാറ് നോക്കി നില്‍ക്കുന്ന ശാന്താന്റിയെ ഇനിയും കണ്ണുകള്‍ പരതും,ഒരു ശീലം പോലെ...